Saturday, January 27, 2018

കവിത - ഞങ്ങൾ വീരംഗനമാർ


ഞങ്ങൾ സനാഥരായിരുന്നു 
ആപാദ ചൂഢം പൗരുഷമണിഞ്ഞ 
ആദർശവാന്മാരുടെ  അമ്മമാർ 
അനിയത്തിമാർ, ഭാര്യമാർ.....

ഞങ്ങളുടെ ആണുങ്ങൾ 
ദർശനങ്ങൾക്കു വേണ്ടി 
ജീവിച്ചു മരിച്ചവർ,
 മരിച്ചു ജീവിക്കുവോർ.....

ദർശനങ്ങൾ 
ട്രാഫിക്   വർണ്ണങ്ങളായ്  
മിഴി ചിമ്മിയപ്പോൾ 
വഴി തിരിഞ്ഞകന്നത് 
ജീവിതങ്ങൾ....

ഞങ്ങളുടെ ഗ്രാമങ്ങളെ 
മേലങ്കിയണിയിച്ച,
ഞങ്ങളെ തമ്മിൽ
അപരിചിതരാക്കിയ
ആശയ വർണ്ണങ്ങൾ.
അവയുടെ മോഹ വലയത്തിലായ 
ഞങ്ങളുടെ ആണുങ്ങൾ 
ഇന്ന്-
ശയ്യാവലംബികൾ, പ്രവാസികൾ,
ആറടി മണ്ണിലും കൽത്തുറുങ്കിലും 
സുരക്ഷിതർ !....

ദുരന്തങ്ങളിൽ
ചിതറിത്തെറിച്ചെത്തിയവയെ
ചേർത്ത് വായിക്കുമ്പോൾ
നേട്ടം അവർക്കൊരു പോലെ !
ഞങ്ങൾക്കോ ?...

ഞങ്ങളിന്നശ്രുപാനികൾ 
വീടും വിളഭൂമിയുമില്ലാത്തോർ 
അനാഥ ഭ്രൂണങ്ങളെ,
അണയാത്ത കനലുകൾ 
ഉള്ളിൽ പേറുവോർ,
നിണം ചീറ്റി നൃത്തമാടും കബന്ധങ്ങളെ 
കിനാക്കണ്ട് ഞെട്ടിയുണരുവോർ 
അനാഥ ശൈശവങ്ങളുടെ 
തുറിച്ച മിഴികളെ 
നേരിടാനാവാത്തോർ......

കണിക്കൊന്നസ്മിതം
ഇന്ന് ഞങ്ങൾക്കന്യം....
കള്ളിമുൾപ്പൂക്കളുടെ  
കാക ദൃഷ്ടിയിൽ നിഗൂഢത....
ചാവു നിലങ്ങളിലൂടെ 
ചുറ്റിത്തിരിയുന്ന 

മലങ്കാറ്റിൽ പ്രേത നിസ്വനം.....

സദാ നിരീക്ഷിതർ 
എന്ന അറിവ് 
ഞങ്ങളെ തളർത്തുന്നു.
അയൽ  ഗ്രാമങ്ങളെ 
ഞങ്ങളിൽ നിന്നകറ്റുന്നു....

ഞങ്ങളുടെ കുരുന്നുകൾക്കും 
 നാളെ തനിയാവർത്തനം എന്നറികെ 
ഞങ്ങൾ വിഹ്വലരാകുന്നു.
ആരുണ്ട് ? 
ഭീതിദമായ അന്നുകളിൽ നിന്ന് 
ഈ മൃദുലാങ്കുരങ്ങളെ 
ഇന്ന് തന്നെ മോചിതരാക്കാൻ ?
നിങ്ങളോ ?

ഞങ്ങൾ തന്നെയോ ?.....


- കൊലപാതക രാഷ്ട്രീയ ഇരകളുടെ കുടുംബങ്ങൾക്ക്.....നികത്താനാവാത്ത നിങ്ങളുടെ നഷ്ടങ്ങൾക്കു മുന്നിൽ.... നോവിന്റെ വേവുമായ്.... 

Thursday, July 13, 2017

സമാഗമം - കവിത : ടി.കെ.മാറിയിടം

കാലങ്ങളുടെ 
കലുഷ യാനത്തിൽ 
കൈ മോശം വന്നവ.....

കണക്കെടുക്കാനാവാത്തവ......

ഗതകാലത്തിന്റെ 
അങ്ങേച്ചെരുവിൽ 
വിസ്മൃതിയുടെ മഞ്ഞുമറ......

അന്നിന്റെ  പുലരിയിൽ നിന്ന്
ഇന്നിന്റെ സായന്തനത്തിലേയ്ക്ക് 
പ്രയാണ ദൈർഘ്യം 
അളവറ്റത്.....

ഒടുവിൽ -

കാത്തിരിപ്പിന്റെ യുഗാന്ത്യേ,
ചിരാതിലെ  എണ്ണ വറ്റും മുൻപേ 
ദർശനം !....
അപ്പോൾ -

കരുതി വച്ചവ 
കൈമാറാനാവാതെ ,
കൈ വന്നവയെ ,
കൈക്കുടന്നയിൽ 
ഒതുക്കാനാവാതെ,
കണ്ണും കാതും നാവും നഷ്ടമായി,
ശബ്ദവും ശ്വാസവും നിലച്ച പോൽ ,
മിഴിനീർ മറയെ 
തുടയ്ക്കാൻ മറന്ന്,
സ്തബ്ധ നിമിഷങ്ങളുടെ 
ജനിമൃതിയിൽ ,
വിസ്മയത്തിന്റെ ,





സന്ദേഹത്തിന്റെ 
മൂർത്ത രൂപങ്ങളായി ....

സ്വപ്നമോ ?..... 

യാഥാർഥ്യമോ ?.....





 

Tuesday, July 11, 2017

-നിസ്വനങ്ങൾ..... കവിത -ടി.കെ.മാറിയിടം

ശ്രവിക്കുമോ 
തിരക്കിന്നിടവേളയിൽ 
ഈ നിസ്വനങ്ങൾ ?

നിപതിക്കും മാന്തളിർ ,
കൊഴിഞ്ഞകലും പൂവിതൾ ,
ചിറകിറുന്നു മറയും പൂമ്പാറ്റകൾ ,
നിമിഷ ജന്മച്ചിരി പകർന്നകലും 
നീർക്കുമിളകൾ...

ഓരങ്ങളിൽ ജനിയെടുത്ത് ,
ഓരങ്ങളിൽ നിപതിച്ചു മായും 
അതിഹൃസ്വ ജന്മങ്ങൾ....
അജ്ഞാത സാന്നിദ്ധ്യങ്ങൾ...
അരികു ജീവിതങ്ങൾ....

ശ്രവിക്കുമോ 
തിരക്കിന്നിടവേളയിൽ 
നിങ്ങളുടെ നിസ്വനങ്ങൾ ?...
ജനി മൃതികൾക്കിടയിലെ 

നിമിഷ നിസ്വനങ്ങൾ ?......