ഞങ്ങൾ സനാഥരായിരുന്നു
ആപാദ ചൂഢം പൗരുഷമണിഞ്ഞ
ആദർശവാന്മാരുടെ അമ്മമാർ
അനിയത്തിമാർ, ഭാര്യമാർ.....
ഞങ്ങളുടെ ആണുങ്ങൾ
ദർശനങ്ങൾക്കു വേണ്ടി
ജീവിച്ചു മരിച്ചവർ,
മരിച്ചു ജീവിക്കുവോർ.....
ദർശനങ്ങൾ
ട്രാഫിക് വർണ്ണങ്ങളായ്
മിഴി ചിമ്മിയപ്പോൾ
വഴി തിരിഞ്ഞകന്നത്
ജീവിതങ്ങൾ....
ഞങ്ങളുടെ ഗ്രാമങ്ങളെ
മേലങ്കിയണിയിച്ച,
ഞങ്ങളെ തമ്മിൽ
അപരിചിതരാക്കിയ
ആശയ വർണ്ണങ്ങൾ.
അവയുടെ മോഹ വലയത്തിലായ
ഞങ്ങളുടെ ആണുങ്ങൾ
ഇന്ന്-
ശയ്യാവലംബികൾ, പ്രവാസികൾ,
ആറടി മണ്ണിലും കൽത്തുറുങ്കിലും
സുരക്ഷിതർ !....
ദുരന്തങ്ങളിൽ
ചിതറിത്തെറിച്ചെത്തിയവയെ
ചേർത്ത് വായിക്കുമ്പോൾ
നേട്ടം അവർക്കൊരു പോലെ !
ഞങ്ങൾക്കോ ?...
ഞങ്ങളിന്നശ്രുപാനികൾ
വീടും വിളഭൂമിയുമില്ലാത്തോർ
അനാഥ ഭ്രൂണങ്ങളെ,
അണയാത്ത കനലുകൾ
ഉള്ളിൽ പേറുവോർ,
നിണം ചീറ്റി നൃത്തമാടും കബന്ധങ്ങളെ
കിനാക്കണ്ട് ഞെട്ടിയുണരുവോർ
അനാഥ ശൈശവങ്ങളുടെ
തുറിച്ച മിഴികളെ
നേരിടാനാവാത്തോർ......
കണിക്കൊന്നസ്മിതം
ഇന്ന് ഞങ്ങൾക്കന്യം....
കള്ളിമുൾപ്പൂക്കളുടെ
കാക ദൃഷ്ടിയിൽ നിഗൂഢത....
ചാവു നിലങ്ങളിലൂടെ
ചുറ്റിത്തിരിയുന്ന
മലങ്കാറ്റിൽ പ്രേത നിസ്വനം.....
സദാ നിരീക്ഷിതർ
എന്ന അറിവ്
ഞങ്ങളെ തളർത്തുന്നു.
അയൽ ഗ്രാമങ്ങളെ
ഞങ്ങളിൽ നിന്നകറ്റുന്നു....
ഞങ്ങളുടെ കുരുന്നുകൾക്കും
നാളെ തനിയാവർത്തനം എന്നറികെ
ഞങ്ങൾ വിഹ്വലരാകുന്നു.
ആരുണ്ട് ?
ഭീതിദമായ അന്നുകളിൽ നിന്ന്
ഈ മൃദുലാങ്കുരങ്ങളെ
ഇന്ന് തന്നെ മോചിതരാക്കാൻ ?
നിങ്ങളോ ?
ഞങ്ങൾ തന്നെയോ ?.....