Wednesday, March 31, 2010

അകറ്റപ്പെടുന്നവർ - കവിത - (രചന : ടി.കെ.മാറിയിടം)

                                                       
പിതാവേ ,
                                                               
അന്ന്
നീ  എന്നെ
നിന്റെ  ഛായയിൽ
സൃഷ്ടിച്ചു ,
ചൊൽപ്പടിക്ക്  നിർത്താൻ  ........!

ഇന്ന് 
ഞാൻ   നിന്നെ
എന്റെ   ഛായയിൽ  സൃഷ്ടിക്കുന്നു ,
സാബത്തിൽ ,
സംക്രമ ദിനങ്ങളിൽ  ,
റംസാന്  നാളുകളിൽ 
മാറിലെന്താൻ ....!
പിന്നീട്
പേടകത്തിൽ   സൂക്ഷിക്കാൻ  .....!   

അന്ന്
എന്നെ  പറുദീസയിൽ  നിന്ന്
അകറ്റിയതോർത്ത്

നീ  ഖിന്നൻ...........
ഇന്ന്
അന്തരംഗങ്ങളിൽ നിന്ന്
ആലയങ്ങളിലേക്ക്
അകലാൻ   വിധി  പേറും
നിന്നെയോർത്ത് 

ഞാനും  ഖിന്നൻ........
എല്ലാം  കണ്ട്
ചിരിക്കുന്നു
(ചിരിക്കട്ടെ)
 ബുദ്ധന്മാർ......

Monday, March 29, 2010

സ്വാതന്ത്ര്യം - കവിത

പിതാവേ ,
നീയെത്ര  നല്ലവന്‍ !
അന്ന്  നീ 
ആദിമിധുനങ്ങളെ  
അടിച്ചിറക്കി 
നിന്റെ  എദനില്‍ നിന്ന് ,
അതിന്റെ  സുഖശീതളതയിൽ നിന്നു ........
അതിനാലല്ലോ  
അവര്‍ 
കത്തുന്ന  സൂര്യന്  കീഴിലെ 
കഷ്ട്ടാനുഭവങ്ങളിലേക്ക്,
കഠിനാധ്വാനത്തിന്റെ 
ദിനരാത്രങ്ങളിലേക്ക് ,
അനന്ത നിമ്ന്നോന്നതങ്ങളുടെ 
വിഹ്വലതയിലേക്ക് ,
മഴമേഘങ്ങള്‍ 
അനുഗ്രഹം  വര്‍ഷിക്കുന്ന 
മലഞ്ചെരുവുകളിലേക്ക്   ,
താഴ്വാരങ്ങളിലെ 
ഹരിതഭൂമികളുടെ 
സാദ്വാലതയിലേക്ക് 
യാത്രയായത് .........

അതിനാലല്ലോ 
അവരുടെ  പരമ്പരകള്‍ 
ഇന്ന് 
സ്വാതന്ത്ര്യത്തിന്റെ 
ചവര്‍പ്പ്  നുണയുന്നത് !.............
തന്നല്‍ത്തലോടലില്‍ 
വീന്നുകിട്ടുന്ന  ഇടവേളകള്‍ ,
ഊഷ്മള സാമീപ്യങ്ങളുടെ 
സായന്തനങ്ങള്‍ ,
പ്രത്യാശയുടെ  പുലരികള്‍ 
എല്ലാമെല്ലാം 
ആസ്വദിക്കുന്നത് !..........

അല്ലെങ്കിലോ ?
സദാ 
സുഖത്തിന്റെ  വൈരസ്യം  അനുഭവിച്ചു 
ഏദന്റെ  ബന്ധനത്തില്‍ 
കാലാകാലത്തോളം ..............     

Friday, March 26, 2010

വിഷുക്കണി - കവിത


പുതിയൊരു വിഷുവിന്‍
പുതുമകള്‍ ഓതാന്‍
പുലരിയിലെത്തി
പൂങ്കുലകള്‍
മഞ്ഞ നിറത്തില്‍
മന്ദസ്മിതമയ്
നല്കന്നി  നല്‍കി
പൂങ്കുലകള്‍
മുറ്റം  നിറയെ
മഞ്ഞപ്പുഞ്ചിരി
മഴപോല്‍ തൂകി
പൂങ്കുലകള്‍
"വന്നു പ്രിയരേ
വിഷുവിന്നുദയം.....!"
പ്രിയമൊടെ ചൊല്ലി
പൂങ്കുലകള്‍ ..........!!!
                                               

Sunday, March 14, 2010

അന്വേഷണം - കവിത

ആരുനീ ,എന്തുനീ -
യെന്തിന്നുനീ ,സ്വയം
ചോദ്യം തുടക്ക-
മന്വേഷണത്തിൻ.
അണ്ഡകടാഹത്തിൻ 
അനുസ്യൂത ചലനത്തിൽ 
അത്യല്പ   കണിക നീ
അതിനപ്പുറം
ആരുമ,ല്ലോന്നുമ -
ല്ലോന്നിന്നുമല്ല നീ
എന്നറികെ നിര്‍മ്മമം
സ്വച്ചമുള്ളം......... 

പുതുവർഷപ്പൊൻപുലരി - (കുട്ടിക്കവിത)

വരുവിന്‍ പ്രിയരേ
അണി ചെരാം
പുതുവര്‍ഷത്തെ
വരവേല്‍ക്കാന്‍ !
സന്തോഷവുമായ്
ശാന്തിയുമായ്
പുത്തൻ പുലരികൾ
വരവായി.........!!