Thursday, July 13, 2017

സമാഗമം - കവിത : ടി.കെ.മാറിയിടം

കാലങ്ങളുടെ 
കലുഷ യാനത്തിൽ 
കൈ മോശം വന്നവ.....

കണക്കെടുക്കാനാവാത്തവ......

ഗതകാലത്തിന്റെ 
അങ്ങേച്ചെരുവിൽ 
വിസ്മൃതിയുടെ മഞ്ഞുമറ......

അന്നിന്റെ  പുലരിയിൽ നിന്ന്
ഇന്നിന്റെ സായന്തനത്തിലേയ്ക്ക് 
പ്രയാണ ദൈർഘ്യം 
അളവറ്റത്.....

ഒടുവിൽ -

കാത്തിരിപ്പിന്റെ യുഗാന്ത്യേ,
ചിരാതിലെ  എണ്ണ വറ്റും മുൻപേ 
ദർശനം !....
അപ്പോൾ -

കരുതി വച്ചവ 
കൈമാറാനാവാതെ ,
കൈ വന്നവയെ ,
കൈക്കുടന്നയിൽ 
ഒതുക്കാനാവാതെ,
കണ്ണും കാതും നാവും നഷ്ടമായി,
ശബ്ദവും ശ്വാസവും നിലച്ച പോൽ ,
മിഴിനീർ മറയെ 
തുടയ്ക്കാൻ മറന്ന്,
സ്തബ്ധ നിമിഷങ്ങളുടെ 
ജനിമൃതിയിൽ ,
വിസ്മയത്തിന്റെ ,





സന്ദേഹത്തിന്റെ 
മൂർത്ത രൂപങ്ങളായി ....

സ്വപ്നമോ ?..... 

യാഥാർഥ്യമോ ?.....





 

Tuesday, July 11, 2017

-നിസ്വനങ്ങൾ..... കവിത -ടി.കെ.മാറിയിടം

ശ്രവിക്കുമോ 
തിരക്കിന്നിടവേളയിൽ 
ഈ നിസ്വനങ്ങൾ ?

നിപതിക്കും മാന്തളിർ ,
കൊഴിഞ്ഞകലും പൂവിതൾ ,
ചിറകിറുന്നു മറയും പൂമ്പാറ്റകൾ ,
നിമിഷ ജന്മച്ചിരി പകർന്നകലും 
നീർക്കുമിളകൾ...

ഓരങ്ങളിൽ ജനിയെടുത്ത് ,
ഓരങ്ങളിൽ നിപതിച്ചു മായും 
അതിഹൃസ്വ ജന്മങ്ങൾ....
അജ്ഞാത സാന്നിദ്ധ്യങ്ങൾ...
അരികു ജീവിതങ്ങൾ....

ശ്രവിക്കുമോ 
തിരക്കിന്നിടവേളയിൽ 
നിങ്ങളുടെ നിസ്വനങ്ങൾ ?...
ജനി മൃതികൾക്കിടയിലെ 

നിമിഷ നിസ്വനങ്ങൾ ?......



മൃത്യു - കവിത - ടി.കെ.




അവനവനജ്ഞാതം ,
അന്യർക്ക് ജ്ഞാതവും 
അതിഥിയാം മൃത്യുവിൻ 
ആഗമനം......

എവിടെ,യെപ്പോളവൻ 
എങ്ങനെയെത്തുമെ -
ന്നറിവീലയിരകളാം 
ജീവികൾക്ക്..... 



Saturday, July 8, 2017

നർമ കവിതകൾ ; -രചന : - ടി.കെ. മാറിയിടം





1) പൊയ്മുഖധാരികൾ !












വലങ്കാലിലെ ചെളി
ഇടങ്കാൽ കൊണ്ടും , തുടർ-
ന്നിടങ്കാൽ മുട്ടിൽ നിന്നും
വലത്തേ പാദം കൊണ്ടും
തുടച്ചും പുരട്ടിയും
ഉണങ്ങുന്തോറും തേച്ചും
നടിക്കാം മായ്ക്കുമ്പോലെ
മറയ്ക്കാം കാൽമാറ്റത്തെ....!

എന്നിട്ടും പാദം രണ്ടും 
'ശുദ്ധ'മായില്ലെന്നാകിൽ
പാണികൾ രണ്ടുണ്ടല്ലോ
സ്വന്തമാക്കുവാനെന്തും !
ദക്ഷിണാംഗുലികളും
വാമഹസ്തവും തമ്മിൽ
ധാരണയുണ്ടെന്നാകിൽ
കൈമാറാം കളങ്കത്തെ....!



'ശുദ്ധ'മായില്ലാ കൈകൾ
രണ്ടുമേയെന്നാകിലോ ?
ഒട്ടുമേ ഭയക്കേണ്ട ,
ലജ്ജയും വേണ്ടാ തെല്ലും.
വദനം കുനിച്ചോളൂ ,
സ്വീകരിച്ചോളൂ, പിന്നെ
പല്ലിളിച്ചോളൂ, ഒപ്പം
ലോകവുമിളിച്ചോളും ....!


നിന്നിലെ കളങ്കത്തെ
ചൂണ്ടുവാനൊരുങ്ങുന്നോൻ
ചെളിയിൽ മുങ്ങിക്കുളി-
ച്ചീറനായ് നില്പോനല്ലോ....!
നഗ്നനെ നഗ്നൻ ചൂണ്ടി
'നഗ്ന' നെന്നുരയ്ക്കുമ്പോൾ
ആയതിന്നനുഭൂതി
വർണനാതീതം സഖേ ...!

മാനമില്ലെങ്കിൽ എന്തി-
ന്നപമാനത്തെ ഭയം?!..
ആകെ മുങ്ങിയാൽ പിന്നെ
കുളിരില്ലല്ലോ സഖേ....!

--------------------------------------------------------------------------------                   

2) ശരികൾ ........ !

                                                         


ഇന്നലെ :
എൻ ശരിയെനിക്കെന്നും 
നിൻ ശരി നിനക്കെന്നും 
'സുല്ല് ' ചൊല്ലിയ ശേഷം 
നീങ്ങി നാം സമാന്തരം.


ഇന്ന് :
എൻ ശരി നിന്റേതായി ,
നിൻ ശരി എന്റേതുമായ്
'നമ്മുടെ ശരി' യെന്ന് 
മറ്റൊരു ശരിയുണ്ടായ്....!

നാളെ :
നമ്മുടെ ശരിയെന്നാൽ 
'എൻ ശരി' യെന്നായല്ലോ !
നിൻ ശരിയലിഞ്ഞു പോയ് 
'നമ്മുടെ ശരി' ക്കുള്ളിൽ ...!

-----------------------------------------------------------------------------

3 ) മന്ത്രവും തന്ത്രവും !

                                            ചോദ്യം :
മന്ത്രം പഠിച്ചവൻ 
മന്ത്രിയോ തന്ത്രിയോ ?
തന്ത്രം പഠിച്ചവൻ 
തന്ത്രിയോ മന്ത്രിയോ ?

                                           ഉത്തരം :
മന്ത്രം പഠിക്കണം 
തന്ത്രിയായ്  മാറുവാൻ,
തന്ത്രം പഠിക്കണം 
മന്ത്രിയായ് വാഴുവാൻ !

മന്ത്രവും തന്ത്രവും 
ഒരുമിച്ചു നേടുവോൻ 
ആകാം സുമന്ത്രിയോ 
അഥവാ കുതന്ത്രനോ....!   
-------------------------------------------------------------------------------------

           4) ദുർന്യായി  !



ന്യായമന്ന്യായമായ് 
കാണുവോൻ ദുർന്യായി !
അന്ന്യായിയെക്കാളും  
അരസികൻ, താർക്കികൻ  !


കേൾപ്പതിലെല്ലാം ദു-
രർത്ഥം  ഗ്രഹിക്കുവോൻ !
കാണ്മതെല്ലാമവ -
നഹിതം, അസത്യവും !
               
            എൻ ശരിക്കപ്പുറം 
            ശരിയില്ല തെല്ലുമേ !
           എൻ ചെയ്തി തെറ്റാകിൽ 
            ഇനിയില്ല വിശ്വവും !


അന്യായി , ദുർന്യായി
തർക്കം തുടങ്ങുകിൽ
ശീഘ്രം ഗമിച്ചക -
ന്നോളുവിൻ കൂട്ടരേ !

നാളെയിരുവരും
യോജിച്ചു നീങ്ങവേ ,
                                                    ന്യായികൾ നമ്മളോ
                                                    പൊതു ശത്രുവായിടും !!


                                             *******    *******   *******  *********

Thursday, July 6, 2017

- കവിത : "വളർച്ച....." -രചന :ടി.കെ.മാറിയിടം

"വളർച്ച....." 

കഴിവുകൾ -
എതിർവാക്ശരങ്ങളെ 
ചിരിച്ചു കൊണ്ടെതിരിടാൻ ....
മൗനം കൊണ്ട് മറുപടി പറയാൻ .....

സംയമനം -
യൗവനത്തിലപ്രാപ്യം....
വാര്ധക്യത്തിലാർജിതം....

വളർച്ച -
മന:ശരീരങ്ങൾ 
ഒപ്പത്തിനൊപ്പം....

ഉത്തമം....
ശരീരം അങ്ങങ്ങ് 
മനസ്സ് ഇങ്ങിങ്ങ്.....
അധമം....
ശരീരമിപ്പുറം....
മനസ്സപ്പുറം.....
ശ്രേഷ്ഠം.....

തിരിഞ്ഞു നോക്കുമ്പോൾ -
പിന്നിട്ട ദീർഘപാതയിൽ 
ആർജ്ജിതം 
വളർച്ചയോ  തളർച്ചയോ ?...
                                             

വിഷുപ്പുലരി - കവിത-ടി.കെ. മാറിയിടം

ഇന്നെന്റെയങ്കണത്തിൽ-കണി
ക്കൊന്നയിൽ പൂവിരിഞ്ഞു;
എന്നെ നോക്കിചിരിച്ചു -കണി
ക്കൊന്നയിൽ പൂങ്കുലകൾ !

പീതവർണ്ണക്കുലകൾ-ചൊല്ലി
പുതിയൊരു  വർത്തമാനം ,
-നീയറിഞ്ഞോ പ്രിയനേ-വിഷു
പ്പുലരിയിതാ വരുന്നു !

കുരുവിയും
       കിളിയുമോതി-ഒപ്പം
പുതിയൊരു വർത്തമാനം ,
-നീയൊരുങ്ങൂ പ്രിയനേ-വേഗം
നൽകണി കാണ്മതിന്നായ് .....!                                          

Saturday, July 1, 2017

പ്രത്യാശ - - കവിത -ടി.കെ.

കല്ലുകൾ 
എറിഞ്ഞു കൊണ്ടേയിരിക്കാം 
ഏതെങ്കിലും 
എപ്പോഴെങ്കിലും 
ലക്ഷ്യത്തിൽ എത്തിയേക്കാം,
ഫലം കൈകളിൽ പതിച്ചേക്കാം...

വാക്കുകൾ 
ഉതിർത്തു കൊണ്ടേയിരിക്കാം.
ഏതെങ്കിലും എന്നെങ്കിലും 
തുറന്ന കർണ്ണങ്ങളിൽ 
പതിച്ചേക്കാം ,
പ്രതികരണം ലഭിച്ചേക്കാം
വിത്തുകൾ 
വിതച്ചു കൊണ്ടിരിക്കാം 
നിലങ്ങൾ ഊർവ്വരമോ 
                   ഊഷരമോ 
എന്നറിയാതെ....
ഏതെങ്കിലും എപ്പോഴെങ്കിലും 
കിളിർത്തേക്കാം ,
ആഴങ്ങളിലേക്കും 
ഉയരങ്ങളിലേക്കും 
വളർന്നേക്കാം;
എന്നെങ്കിലും 
ആർക്കെങ്കിലും 
ഫലമേകിയേക്കാം...
മതി..... അതു മതി....


വിശ്രമം - കവിത

ഇന്നലെ -
എന്റെ ഫോൺ 
അവിശ്രമം ശബ്ദിച്ചു.
അവർക്ക് പറയാൻ,
അറിയാൻ, 
സാധിക്കാൻ 
ഏറെയുണ്ടായിരുന്നു...

ഇന്ന് -
എന്റെ ഫോൺ നിശബ്ദം !
എനിക്ക് പറയാൻ,
അറിയാൻ , 
ഏറെയുണ്ട്.
പക്ഷെ 
പിറക്കാത്ത മറുവാക്കുകൾ....

നാളെ -
എനിക്കും എന്നോടും 
പറയാൻ,  
അറിയാൻ 
ഒന്നുമില്ലാതാകും .
അങ്ങനെ 
പൂർണ്ണ വിശ്രമം
എന്റെ ഫോണിന് ;
എനിയ്ക്കും......