1) പൊയ്മുഖധാരികൾ !
വലങ്കാലിലെ ചെളി
ഇടങ്കാൽ കൊണ്ടും , തുടർ-
ന്നിടങ്കാൽ
മുട്ടിൽ നിന്നും
വലത്തേ പാദം കൊണ്ടും
തുടച്ചും പുരട്ടിയും
ഉണങ്ങുന്തോറും
തേച്ചും
നടിക്കാം മായ്ക്കുമ്പോലെ
മറയ്ക്കാം
കാൽമാറ്റത്തെ....!
'ശുദ്ധ'മായില്ലെന്നാകിൽ
പാണികൾ രണ്ടുണ്ടല്ലോ
സ്വന്തമാക്കുവാനെന്തും
!
ദക്ഷിണാംഗുലികളും
വാമഹസ്തവും
തമ്മിൽ
ധാരണയുണ്ടെന്നാകിൽ
കൈമാറാം കളങ്കത്തെ....!
'ശുദ്ധ'മായില്ലാ കൈകൾ
രണ്ടുമേയെന്നാകിലോ
?
ഒട്ടുമേ ഭയക്കേണ്ട ,
ലജ്ജയും വേണ്ടാ തെല്ലും.
വദനം കുനിച്ചോളൂ ,
സ്വീകരിച്ചോളൂ,
പിന്നെ
പല്ലിളിച്ചോളൂ,
ഒപ്പം
ലോകവുമിളിച്ചോളും
....!
ചൂണ്ടുവാനൊരുങ്ങുന്നോൻ
ചെളിയിൽ മുങ്ങിക്കുളി-
ച്ചീറനായ് നില്പോനല്ലോ....!
ച്ചീറനായ് നില്പോനല്ലോ....!
നഗ്നനെ നഗ്നൻ ചൂണ്ടി
'നഗ്ന' നെന്നുരയ്ക്കുമ്പോൾ
ആയതിന്നനുഭൂതി
വർണനാതീതം
സഖേ ...!
മാനമില്ലെങ്കിൽ എന്തി-
ന്നപമാനത്തെ
ഭയം?!..
ആകെ മുങ്ങിയാൽ പിന്നെ
കുളിരില്ലല്ലോ
സഖേ....!
--------------------------------------------------------------------------------
2) ശരികൾ ........ !
ഇന്നലെ :
എൻ ശരിയെനിക്കെന്നും
നിൻ ശരി നിനക്കെന്നും
'സുല്ല് ' ചൊല്ലിയ ശേഷം
നീങ്ങി നാം സമാന്തരം.
ഇന്ന് :
എൻ ശരി നിന്റേതായി ,
നിൻ ശരി എന്റേതുമായ്
'നമ്മുടെ ശരി' യെന്ന്
മറ്റൊരു ശരിയുണ്ടായ്....!
നാളെ :
നമ്മുടെ ശരിയെന്നാൽ
'എൻ ശരി' യെന്നായല്ലോ !
നിൻ ശരിയലിഞ്ഞു പോയ്
'നമ്മുടെ ശരി' ക്കുള്ളിൽ ...!
-----------------------------------------------------------------------------
3 ) മന്ത്രവും തന്ത്രവും !
ചോദ്യം :
മന്ത്രം പഠിച്ചവൻ
മന്ത്രിയോ തന്ത്രിയോ ?
തന്ത്രം പഠിച്ചവൻ
തന്ത്രിയോ മന്ത്രിയോ ?
ഉത്തരം :
മന്ത്രം പഠിക്കണം
തന്ത്രിയായ് മാറുവാൻ,
തന്ത്രം പഠിക്കണം
മന്ത്രിയായ് വാഴുവാൻ !
മന്ത്രവും തന്ത്രവും
ഒരുമിച്ചു നേടുവോൻ
ആകാം സുമന്ത്രിയോ
അഥവാ കുതന്ത്രനോ....!
-------------------------------------------------------------------------------------
4) ദുർന്യായി !
ന്യായമന്ന്യായമായ്
കാണുവോൻ ദുർന്യായി !
അന്ന്യായിയെക്കാളും
അരസികൻ, താർക്കികൻ !
കേൾപ്പതിലെല്ലാം ദു-
രർത്ഥം ഗ്രഹിക്കുവോൻ !
കാണ്മതെല്ലാമവ -
നഹിതം, അസത്യവും !
No comments:
Post a Comment