അവർ കളിത്തോഴരായിരുന്നു,സഹയാത്രികരായിരുന്നു...
കവിയും കല്ലോലിനിയും .... അനേകം ദശകങ്ങളുടെ പ്രായമുള്ള അപൂർവ ബന്ധം !.....
ആദ്യ സമാഗമം - രൗദ്ര രൂപിണിയായ നിമ്നഗയും മിഴികളിൽ ഭയകൗതുകങ്ങളുമായി ഒരു ബാല്യവും ....
കാലം ഒഴുകിയപ്പോൾ അയാൾ യുവാവായി . അവൾ അയാളിൽ ഒരു കവിയ്ക്ക് ജന്മം നൽകി.
ലക്ഷ്യരഹിത സഞ്ചാരങ്ങൾക്കിടയിൽ അനേകം തവണ അയാൾ അവളിലേയ്ക്ക് ഓടിയെത്തി,
തോൾ സഞ്ചി നിറയെ അക്ഷരങ്ങളുമായി.
സമാഗമത്തിനു സാക്ഷികൾ - അവളുടെ അങ്ങേത്തോളിലെ മലഞ്ചെരിവുകൾ, ഹരിത വനങ്ങൾ ...... ഇങ്ങേത്തോളിലെ കൃഷിയിടങ്ങൾ, വയലേലകൾ....
അവളുടെ ആശ്ലേഷത്തിൽ അമർന്നു ശയിക്കവേ അയാൾ പറഞ്ഞു -
പ്രിയേ , ഞാൻ നിന്നെക്കുറിച്ച് എഴുതും .
അവൾ കുണുങ്ങിച്ചിരിച്ചു ! അവളെ ചൂഴുന്ന ഗിരിശൃംഗങ്ങളും , വനസ്ഥലികളും , താഴ്വാരങ്ങളും അയാൾക്ക് വിഷയമായി. പക്ഷെ അവൾ മാത്രം....
അവർ കാലങ്ങളിലൂടെ സഞ്ചരിച്ചു. അയാൾ ഉന്നതങ്ങളിലേക്ക് ... അവൾ നിമ്നങ്ങളിലേയ്ക്കും....

ഋതുക്കൾ അവളിലും വ്യത്യസ്ത വ്യത്യസ്ത ഭാവങ്ങൾ ഉദിപ്പിച്ചു. രൗദ്ര.... ശാന്ത ...... ആർദ്ര.....
ഞാൻ ഒരു വീട് വയ്‌ക്കും . നിന്റെ തോളിൽ !... ഒരു പർണ്ണ കുടീരം !....
അവൾ കളകളം ചിരിച്ചു.
അയാൾക്കതിനാവില്ല !.... അവൾ അറിയുന്നു.
ഒരിടത്തും ഉറയ്ക്കാനാവാത്തവൻ .... അസ്വസ്ഥ മനസ്സുമായി അവിരാമം അലയുന്നവൻ.... അകലങ്ങളിലും ഉയരങ്ങളിലും ആരെയോ എന്തിനെയോ എന്തിനെയോ തേടുന്നവൻ ....

മൗനം പൊതിഞ്ഞ നിമിഷങ്ങൾ... അവളുടെ ദുർബല തലോടലിൽ കുളിർമ രുചിച്ച് കുറ്റബോധത്തോടെ അയാൾ - പ്രിയേ മാപ്പ് .... നിന്നെ കുറിച്ചെഴുതാൻ എനിക്ക് കഴിഞ്ഞില്ല..... അവളിൽ ഒരു ചിരി ഉദിയ്ക്കാനാഞ്ഞു , പക്ഷെ .....
അവളറിയുന്നു , അയാളറിയാത്ത ഒന്ന് -
അയാളുടെ അക്ഷര ശില്പങ്ങളിലെല്ലാം അവളുണ്ട് !.... എന്നാൽ അവൾക്കായി ഒരു ശിൽപം മെനഞ്ഞാൽ , അന്ന് അയാളിലെ കവിയ്ക്ക് അന്ത്യമാകും ....
മൂക നിമിഷങ്ങളുടെ ജനിമൃതിയ്ക്ക് ശേഷം അവൾ -
- കഴിയില്ല എന്ന് പറയൂ പ്രിയനേ !.... എങ്കിലും ഒന്നറിയൂ , എനിക്കതിൽ പരിഭവമില്ല.
ആ വാക്കുകളിലെ യാഥാർഥ്യം അയാൾക്ക് താഡനമായി .
വൈകി എത്തിയ അറിവ് ... അയാളുടെ ശിരസ്സ് താഴ്ന്നു ... ഇടിഞ്ഞ തോളിൽ നിന്ന് സഞ്ചിയും , മെല്ലിച്ച കയ്യിൽ നിന്ന് വടിയും, അവളിലേക്ക് ഉതിർന്നു.... പിന്നാലെ ആ ദുർബല ശരീരവും....
കവി കല്ലോലിനിയുടെ മടിയിലേക്ക് ....കല്ലോലിനി കവിയെ സ്വീകരിച്ചു... കരുണയോടെ, വാത്സല്യത്തോടെ ആശ്ലേഷിച്ചു... അവർ ഒന്നായി... ഇനി ഒരുമിച്ചാകാം സഞ്ചാരം, അനാദിയനന്ത കാലത്തിലൂടെ അകലേക്ക് ...അകലേക്ക് ...അകലേക്ക് ...

No comments:
Post a Comment